CALL US: 96 331 000 11

depression hospital kerala(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 മാര്‍ച്ച് ലക്കം ആരോഗ്യമംഗളത്തില്‍ എഴുതിയത്)

ഒരാള്‍ക്കു വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നത് അകാരണമായ സങ്കടം, ഒന്നിലും ഉത്സാഹമില്ലായ്ക, തളര്‍ച്ച, സന്തോഷം കെടുത്തുന്ന ചിന്തകള്‍, ഉറക്കത്തിലോ വിശപ്പിലോ ഉള്ള വ്യതിയാനങ്ങള്‍ തുടങ്ങിയ കഷ്ടതകള്‍ നിത്യജീവിതത്തെ ബാധിക്കത്തക്ക തീവ്രതയോടെ കുറച്ചുനാള്‍ നിലനില്‍ക്കുമ്പോഴാണ്. അഞ്ചുപേരില്‍ ഒരാളെ വെച്ച് ഒരിക്കലെങ്കിലും പിടികൂടുന്ന ഈ രോഗം രണ്ടായിരത്തിയിരുപതോടെ മനുഷ്യരെ കൊല്ലാതെകൊല്ലുന്ന അസുഖങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്.

വിഷാദം ബാധിക്കുന്നത് മനസ്സിനെയാണോ അതോ ശരീരത്തെയാണോ, അതുണ്ടാകുന്നത് മനക്കട്ടിയില്ലായ്ക കൊണ്ടോ അതോ ശാരീരികകാരണങ്ങള്‍ കൊണ്ടോ, മനസ്സിന്‍റെ വൈഷമ്യങ്ങള്‍ക്കു നല്ലത് മരുന്നുകളാണോ അതോ കൌണ്‍സലിങ്ങാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ വിഷാദബാധിതരുടെയും കുടുംബാംഗങ്ങളുടെയും മറ്റും മനസ്സില്‍ സാധാരണമാണ്. ഭാഗ്യവശാല്‍, കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിടയില്‍ ഗവേഷണരംഗത്തുണ്ടായ ചില വന്‍പുരോഗതികള്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം പല കൃത്യമായ ഉത്തരങ്ങളും നല്‍കുന്നുണ്ട്. ആ ഉത്തരങ്ങളാണ് ഈ ലേഖനത്തിന്‍റെ വിഷയം.

വിഷാദകാരണങ്ങള്‍ക്ക് ഒരാമുഖം

പ്രഷര്‍, കാന്‍സര്‍ തുടങ്ങിയ മറ്റു സങ്കീര്‍ണരോഗങ്ങളുടേതു പോലെതന്നെ വിഷാദത്തിന്‍റെയും ആവിര്‍ഭാവത്തില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട്. ഒരാള്‍ക്കു വിഷാദം പിടിപെടാനുള്ള സാദ്ധ്യതയുടെ മൂന്നിലൊന്ന് അയാളുടെ പാരമ്പര്യവും ബാക്കി അയാളുടെ ചുറ്റുപാടുകളും ആണു നിര്‍ണയിക്കുന്നത്.

വിഷാദബാധിതരുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ക്ക് അതേ രോഗം വരാനുള്ള സാദ്ധ്യത മറ്റുള്ളവരുടേതിനെക്കാള്‍ മൂന്നുനാലിരട്ടിയാണ്. വിഷാദം ചെറുപ്രായത്തിലേ ആരംഭിക്കുകയും പലതവണ വന്നുപോവുകയും ചെയ്തവരുടെ ബന്ധുക്കള്‍ക്കാണ് കൂടുതല്‍ രോഗസാദ്ധ്യതയുള്ളത്. പാരമ്പര്യമുള്ളവര്‍ക്ക് അനിഷ്ടസാഹചര്യങ്ങളൊന്നും നിലവിലില്ലാത്തപ്പോള്‍പ്പോലും വിഷാദം പ്രത്യക്ഷപ്പെടുകയും ചെയ്യാം.

ബാല്യത്തില്‍ കടുത്ത അവഗണനകളോ പീഡനങ്ങളോ നേരിടുന്നതും ഭാവിയില്‍ വിഷാദത്തിനു വഴിവെക്കാം. ഉദാഹരണത്തിന്, ഇത്തരമനുഭവങ്ങള്‍ സ്ത്രീകള്‍ക്കു വിഷാദം വരാനുള്ള സാദ്ധ്യതയെ നാലിരട്ടിയാക്കുന്നുണ്ട്. ഇങ്ങനെയുള്ളവരില്‍ വിഷാദം നേരത്തേ തലപൊക്കാനും, കൂടുതല്‍നാള്‍ നീണ്ടുനില്‍ക്കാനും, പൂര്‍ണമായി മാറാതിരിക്കാനുമൊക്കെയുള്ള സാദ്ധ്യതകളും ഏറെയാണ്‌.

പാരമ്പര്യമോ ദുരന്തബാല്യങ്ങളോ ഇല്ലാത്തവരിലും ദുര്‍ഘടസന്ധികളിലൂടെ കടന്നുപോകുന്നതും, മറ്റസുഖങ്ങള്‍ ബാധിക്കുന്നതും, ചില മരുന്നുകളോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതുമൊക്കെ വിഷാദത്തെ വിളിച്ചുവരുത്താം. സങ്കടങ്ങള്‍ ഉള്ളിലൊതുക്കുന്ന ശീലവും ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ ചാഞ്ചാട്ടങ്ങളും സ്ത്രീകളെയും, രക്തക്കുഴലുകളിലെയും മറ്റും പ്രശ്നങ്ങള്‍ തലച്ചോറിലെ കോശക്കൂട്ടങ്ങളെ നശിപ്പിക്കുകയും നാഡീപഥങ്ങളെ താറുമാറാക്കുകയും ചെയ്യുന്നത് വൃദ്ധരെയും വിഷാദത്തിന് എളുപ്പത്തിലെത്തിപ്പിടിക്കാവുന്ന കനികളാക്കുന്നുണ്ട്.

ഇത്രയേറെ വ്യത്യസ്തങ്ങളായ ഒരുപറ്റം ഘടകങ്ങള്‍ അതുപോലെതന്നെ വ്യത്യസ്തങ്ങളായ കുറേ ലക്ഷണങ്ങളുള്ള ഒരസുഖത്തിന് വഴിവെക്കുന്നതെങ്ങനെ? മേല്പറഞ്ഞ കാരണങ്ങളോരോന്നും നമ്മുടെയുള്ളില്‍ എവിടെയൊക്കെ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കിയാണ് വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നത്? ഇനി അത്തരം കാര്യങ്ങളുടെ ഒരു വിശദമായ പരിശോധനയാവാം.

ഉള്‍മുറിവുകള്‍ പഴുത്തുവിങ്ങുമ്പോള്‍

നമ്മുടെ ശരീരത്തില്‍ വല്ല രോഗാണുക്കളും കയറിയാല്‍ കൂട്ടമണി മുഴക്കി ആ വിവരം അവയെ നശിപ്പിക്കാന്‍ സജ്ജരാക്കിയിട്ടുള്ള കോശങ്ങളെയെല്ലാം അറിയിക്കുന്നത് സൈറ്റോകൈനുകള്‍ എന്ന തന്മാത്രകളാണ്‌. കോശങ്ങളെ വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ബ്ലൂടൂത്തുകളായി വര്‍ത്തിക്കുകയാണ് സൈറ്റോകൈനുകളുടെ ജോലി. രോഗാണുക്കളോടുള്ള ഇവയുടെ പ്രതികരണം അതിരുവിടുമ്പോഴാണ് നമ്മുടെ മുറിവുകള്‍ അമിതമായി പഴുക്കുന്നത്.

നാം സംഘര്‍ഷജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇവ ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. വിഷാദരോഗികളുടെ രക്തത്തില്‍ ചില സൈറ്റോകൈനുകളുടെ അളവ് പതിവിലും കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ തലച്ചോറുകളില്‍ സൈറ്റോകൈനുകള്‍ കോശങ്ങളെ പരസ്പരം മിണ്ടാന്‍ സഹായിക്കുകയും അവയുടെ വികാസത്തെ തുണക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയുടെ അമിതസാന്നിദ്ധ്യം കാലക്രമത്തില്‍ മസ്തിഷ്കകോശങ്ങളുടെ സ്വാഭാവികനാശം ദ്രുതഗതിയിലാകാനും സമീപകലകളുമായുള്ള അവയുടെ ആശയവിനിമയം താറുമാറാകാനുമൊക്കെ ഇടയാക്കുന്നുണ്ട്. ഈ കുഴപ്പങ്ങളുടെ അനന്തരഫലമായാണ് ചില രോഗികളിലെങ്കിലും വിഷാദം മുളപൊട്ടുന്നത്. ബെയ്സല്‍ ഗാന്‍ഗ്ലിയ, സിങ്കുലേറ്റ് കോര്‍ട്ടെക്സ് എന്നീ മസ്തിഷ്കഭാഗങ്ങളില്‍ സൈറ്റോകൈനുകള്‍ കുമിഞ്ഞുകൂടുന്നതാണ് യഥാക്രമം ക്ഷീണം, ഉത്ക്കണ്ഠ എന്നീ പ്രശ്നങ്ങള്‍ക്കു നിമിത്തമാകുന്നത്.

രസംകൊല്ലികളാവുന്ന നാഡീരസങ്ങള്‍

നമ്മുടെ വിശപ്പും ഉറക്കവും ഉന്മേഷവുമൊക്കെ തലച്ചോറിന്‍റെ നിയന്ത്രണത്തിലാണ്. ഇവയൊക്കെ തടസ്സമില്ലാതെ നടന്നുപോകാന്‍ മസ്തിഷ്കകോശങ്ങള്‍ തമ്മില്‍ കുറ്റമറ്റ ആശയവിനിമയം അത്യാവശ്യമാണ്. ഒരു കോശം സ്രവിപ്പിക്കുന്ന നാഡീരസങ്ങളെ അടുത്ത കോശം യഥാവിധി ആഗിരണം ചെയ്യുമ്പോഴാണ്‌ ഈ ആശയവിനിമയം സാദ്ധ്യമാവുന്നത്. സിറോട്ടോണിന്‍, നോറെപ്പിനെഫ്രിന്‍, ഡോപ്പമിന്‍ എന്നീ രസങ്ങളെയുപയോഗിച്ച് ആശയവിനിമയം നടത്തുന്ന ചില നാഡീപഥങ്ങളാണ് വിഷാദത്തില്‍ നിലംപരിശാകുന്ന വിവിധ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത് (ചിത്രം 1). വിഷാദത്തില്‍ ഇവ മൂന്നിന്‍റെയും അളവ് കുറഞ്ഞുപോകുന്നുണ്ട്.

neurotransmitters depression

വിഷാദം പാരമ്പര്യമായി ലഭിക്കുന്നവരില്‍ ജനിതകവൈകല്യങ്ങളാവാം നാഡീരസങ്ങളുടെ ഈ ദൌര്‍ലഭ്യത്തിനു കാരണമാകുന്നത്. നാഡീരസങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ പല പ്രോട്ടീനുകള്‍ക്കും പങ്കുണ്ട്. ആ പ്രോട്ടീനുകളെ നിയന്ത്രിക്കുന്ന ജീനുകള്‍ക്കു പരമ്പരാഗതമായിക്കിട്ടുന്ന ചില വൈകല്യങ്ങളാവാം നാഡീരസനിര്‍മാണങ്ങളെ ഇങ്ങനെ താറുമാറാക്കുന്നത്.

ജീവിതദുര്‍ഘടങ്ങള്‍ വിഷാദത്തിലേക്കു തള്ളിവിടുന്നവരിലാവട്ടെ, നേരത്തേപറഞ്ഞ സൈറ്റോകൈനുകളാണു പ്രശ്നകാരികളാകുന്നത്. സൈറ്റോകൈനുകള്‍ക്ക് നാഡീരസങ്ങളുടെ ഉത്പാദനം മന്ദീഭവിപ്പിക്കാനും, സ്രവിപ്പിച്ച കോശത്തിലേക്കു തന്നെയുള്ള അവയുടെ പുനരാഗിരണം ത്വരിതപ്പെടുത്തി ബാക്കി കോശങ്ങള്‍ക്കുള്ള അവയുടെ ലഭ്യത കുറക്കാനും കഴിവുണ്ട്.

ഉണങ്ങിച്ചുരുളുന്ന ഓര്‍മച്ചെപ്പുകള്‍

ഹിപ്പോകാമ്പസ് എന്ന ഭാഗത്ത് പുത്തന്‍കോശങ്ങള്‍ ജന്മമെടുക്കുകയും നിലവിലുള്ള കോശങ്ങള്‍ തമ്മില്‍ പുതിയ കെട്ടുപാടുകള്‍ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് നമുക്ക് ഓരോ കാര്യങ്ങള്‍ പഠിക്കാനും ഓര്‍മയില്‍ നിര്‍ത്താനും കഴിയുന്നത്. ഈ പ്രക്രിയകള്‍ സാദ്ധ്യമാക്കുന്നത് നാഡീപോഷകങ്ങള്‍ എന്ന തന്മാത്രകളാണ്. വിഷാദരോഗികളില്‍ സൈറ്റോകൈനുകള്‍ ഈ നാഡീപോഷകങ്ങളുടെ ഉത്പാദനത്തെയും അതുവഴി ഹിപ്പോകാമ്പസിലെ കോശനിര്‍മാണങ്ങളെയും തടസ്സപ്പെടുത്തുകയും, അങ്ങിനെ ഹിപ്പോകാമ്പസ് പതിവിലും ചെറുതായിത്തീരുകയും ചെയ്യുന്നുണ്ട്. ഈ സംഭവവികാസങ്ങളാണ് വിഷാദത്തില്‍ ഓര്‍മശക്തി കുറയാനും പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവു ദുര്‍ബലമാവാനും ഇടയാക്കുന്നത്.

ചൂടുവെള്ളത്തില്‍ വീണ പൂച്ച…

പ്രതികൂലസാഹചര്യങ്ങളില്‍ അകപ്പെടുമ്പോള്‍ നമ്മുടെയുള്ളില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കപ്പെടുന്നുണ്ട്. നാം എങ്ങനെയെങ്കിലും രക്ഷപ്പെട്ടോട്ടെ എന്നു കരുതി അതിനാവശ്യമായ ഗ്ലൂക്കോസ് രക്തത്തില്‍ ലഭ്യമാക്കാനാണ് ശരീരം ഇങ്ങിനെ ചെയ്യുന്നത്. വെള്ളം തിളച്ചുകഴിയുമ്പോള്‍ ചില കെറ്റിലുകള്‍ സ്വയം ഓഫാകുന്നതു പോലെ രക്തത്തില്‍ കോര്‍ട്ടിസോളിന്‍റെ അളവ് നിശ്ചിതപരിധിയില്‍ കവിയുമ്പോള്‍ ഹിപ്പോകാമ്പസിലെ ചില സെന്‍സറുകള്‍ അതു തിരിച്ചറിയുകയും കോര്‍ട്ടിസോള്‍നിര്‍മാണം തല്‍ക്കാലത്തേക്കു നിര്‍ത്തിവെപ്പിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ വിഷാദബാധിതരില്‍ രോഗാരംഭത്തിനു മുമ്പുപോലും ഈ പ്രക്രിയയില്‍ പല പാകപ്പിഴകളും ദൃശ്യമാണ്. രക്തത്തില്‍ പതിവിലും കൂടുതല്‍ കോര്‍ട്ടിസോള്‍ കാണപ്പെടുക, മുമ്പിലുള്ള പ്രശ്നത്തിന്‍റെ ഗൌരവം ആവശ്യപ്പെടുന്നതിലും കൂടുതല്‍ കോര്‍ട്ടിസോള്‍ സ്രവിക്കപ്പെടുക, ഹിപ്പോകാമ്പസിലെ സെന്‍സറുകള്‍ വേണ്ടത്ര പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുക എന്നിവ ഉദാഹരണങ്ങളാണ്. ഈ അനര്‍ത്ഥങ്ങളൊക്കെ വരുത്തിവെക്കുന്നതും സൈറ്റോകൈനുകള്‍ ആണെന്നാണു സൂചന. ചെറിയ പ്രതിസന്ധികള്‍ പോലും ചില വിഷാദരോഗികളെ വല്ലാതെ വിറപ്പിച്ചുകളയുന്നത് കോര്‍ട്ടിസോള്‍ ഇങ്ങനെ ക്രമാതീതമായി തുള്ളിക്കൊരുകുടംവെച്ച് പെയ്യുന്നതു കൊണ്ടാണ്.

കോര്‍ട്ടിസോളിന്‍റെ കുത്തൊഴുക്ക് നാഡീപോഷകങ്ങളെ തടസ്സപ്പെടുത്തി ഹിപ്പോകാമ്പസ്കോശങ്ങളെ തകര്‍ക്കുകയും അങ്ങിനെ വിഷാദത്തിനു വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഹിപ്പോകാമ്പസിലെ സെന്‍സറുകളും നശിച്ചുപോകുന്നത് കോര്‍ട്ടിസോള്‍നിര്‍മാണത്തിന്‍മേല്‍ തലച്ചോറിനുള്ള നിയന്ത്രണവും നഷ്ടമാക്കുന്നുണ്ട്. നിയന്ത്രണംവിട്ട് വീണ്ടുമുയരുന്ന കോര്‍ട്ടിസോളിന്‍റെ അളവ് അവശേഷിക്കുന്ന ഹിപ്പോകാമ്പസിനെയും ദ്രവിപ്പിക്കുന്നത് വിഷാദം ചികിത്സക്കു വഴങ്ങാതാകാനും, ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാനും, ഒരിക്കലും വിട്ടുമാറാതെ ചിരസ്ഥായിയായിത്തീരാനുമൊക്കെ നിമിത്തമാകാറുമുണ്ട്. അസുഖം അധികം പഴകുന്നതിനു മുമ്പേ ചികിത്സയെടുക്കുന്നത് പടിപടിയായുള്ള ഈ അധപതനത്തിനു തടയിടാന്‍ സഹായിക്കും എന്നും സൂചനകളുണ്ട്.

നാഥനില്ലാക്കളരിയിലെ അഴിഞ്ഞാട്ടങ്ങള്‍

നമ്മുടെ വികാരവിചാരങ്ങളെ ഉത്പാദിപ്പിക്കുകയും നിയന്ത്രിച്ചുനിര്‍ത്തുകയും ചെയ്യുന്നത് പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് (പി.എഫ്.സി.), ലിംബിക് വ്യൂഹം എന്നീ മസ്തിഷ്കഭാഗങ്ങളും അവയെ കൂട്ടിയിണക്കുന്ന നാഡീപഥങ്ങളും ആണ്. ഈയൊരു ക്രമീകരണത്തിന്‍റെ ഘടകഭാഗങ്ങള്‍ തമ്മിലുള്ള സന്തുലനം പലവക കാരണങ്ങളാല്‍ അലങ്കോലമാകുന്നതാണ് ആത്യന്തികമായി വിവിധ വിഷാദലക്ഷണങ്ങള്‍ക്കു കളമൊരുക്കുന്നത്.

തലച്ചോറിന്‍റെ ഏറ്റവും മുന്‍ഭാഗത്തായാണ് പി.എഫ്.സി. നിലകൊള്ളുന്നത് (ചിത്രം 2). ഇതിന്‍റെ ഉള്‍ഭാഗം ആക്രമണോത്സുകത, ലൈംഗികത, ഭക്ഷണകാര്യങ്ങള്‍ എന്നിവയുടെയും; താഴ്ഭാഗം വികാരപ്രകടനങ്ങള്‍, സാമൂഹ്യഇടപെടലുകള്‍ എന്നിവയുടെയും; പുറംഭാഗം പ്രശ്നപരിഹാരശേഷി, ചിന്താശക്തി എന്നിവയുടെയും കാര്യങ്ങളാണു നോക്കിനടത്തുന്നത്. പുറംലോകത്തുനിന്ന് നാം സമാഹരിക്കുന്ന സങ്കീര്‍ണ്ണമായ വിവരങ്ങള്‍ക്കനുസൃതമായി നമ്മുടെ വികാരങ്ങളെയും ഉള്‍പ്രേരണകളെയും രൂപപ്പെടുത്തുന്നത് പി.എഫ്.സി.യാണ്.

prefrontal cortex

വിഷാദത്തില്‍ ഹിപ്പോകാമ്പസിനെപ്പോലെ പി.എഫ്.സി.യും ചുരുങ്ങിപ്പോവുന്നുണ്ട്. പി.എഫ്.സി.യുടെ പുറംഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതാണ് വിഷാദബാധിതരില്‍ ചിന്തയും പെരുമാറ്റങ്ങളും മന്ദഗതിയിലാകാനും ആസ്വാദനശേഷികള്‍ ദുര്‍ബലമാകാനും ഇടയാക്കുന്നത്. നാഡീരസങ്ങളുടെയും കോര്‍ട്ടിസോളിന്‍റെയും അളവുകളില്‍ വരുന്ന വ്യതിയാനങ്ങളും അടിസ്ഥാനപരമായി പി.എഫ്.സി.യിലെ പ്രശ്നങ്ങളുടെ അനുരണനങ്ങളാണ്. എന്നാല്‍ പി.എഫ്.സി. എന്തുകൊണ്ട് ചുരുങ്ങിപ്പോകുന്നു എന്നതിന്‍റെ ഉള്ളുകള്ളികള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.

ലിംബിക് വ്യൂഹം സ്ഥിതിചെയ്യുന്നത് തലച്ചോറിന്‍റെ ഉള്‍ഭാഗത്തായാണ് (ചിത്രം 3). അവ്യക്തമോ വിചിത്രമോ ആയ ഭീഷണികളെ നേരിടാനും വൈകാരികകാര്യങ്ങളെ ഉള്‍ക്കൊള്ളുകയും ഓര്‍മയില്‍നിര്‍ത്തുകയും ചെയ്യാനുമൊക്കെ നമ്മെ പ്രാപ്തരാക്കുന്ന അമിഗ്ഡല, ആഹ്ലാദദായകമായ പ്രവൃത്തികളില്‍ മുഴുകുവാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്ന സിങ്കുലേറ്റ് കോര്‍ട്ടക്സ്, നേരത്തേ നാം ഓര്‍മച്ചെപ്പ്‌ എന്നു വിളിച്ച ഹിപ്പോകാമ്പസ് തുടങ്ങിയവ ഈ വ്യൂഹത്തിന്‍റെ ഭാഗങ്ങളാണ്.

പി.എഫ്.സി. സദാ ഒരു ചൂരലുമുയര്‍ത്തിപ്പിടിച്ചു നിലകൊള്ളുന്നതിനാലാണ് ലിംബിക് വ്യൂഹം അതിന്‍റെ വികാരപ്രകടനങ്ങളെ പാടുപെട്ട് അടക്കിയൊതുക്കി നിര്‍ത്തുന്നത്. വിഷാദത്തില്‍ പി.എഫ്.സി. ദുര്‍ബലമാകുന്നതു കൊണ്ടാണ് കിട്ടിയ അവസരം മുതലാക്കി ലിംബിക് വ്യൂഹം അച്ചടക്കംവിട്ടു പെരുമാറുന്നതും. നിരാശ, ഉത്ക്കണ്ഠ തുടങ്ങിയ ദുര്‍വികാരങ്ങള്‍ക്കു നിദാനം അമിഗ്ഡലയുടെയും സിങ്കുലേറ്റ് കോര്‍ട്ടക്സിന്‍റെയും നിയന്ത്രണംവിട്ട പെരുമാറ്റങ്ങളാണ്‌. ഇടതടവില്ലാത്ത ദുഷ്ചിന്തകള്‍ അമിഗ്ഡലയിലെയും അവസരോചിതമല്ലാത്ത വികാരപ്രകടനങ്ങള്‍ ഹിപ്പോകാമ്പസിലെയും ആഘോഷങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളുമാണ്.

limbic system

മീസോലിംബിക് പാത്ത് വേ എന്ന മറ്റൊരു നാഡീപഥമാണ് നിത്യജീവിതത്തിലെ ആഹ്ലാദവേളകളുടെ ആനന്ദം നമുക്ക് അനുഭവവേദ്യമാക്കുന്നത്. ഇതില്‍ വരുന്ന തകരാറുകളാണ് ഒന്നും ആസ്വദിക്കാനാവായ്ക, ഒന്നിലും ഉത്സാഹമില്ലായ്ക, ഊര്‍ജസ്വലതയില്ലായ്മ തുടങ്ങിയ വിഷാദലക്ഷണങ്ങള്‍ക്കു നിമിത്തമാകുന്നത്.

മാറ്റിവരക്കപ്പെടുന്ന തലവരകള്‍

ജനിതകഘടനയെ മാറ്റിമറിക്കാതെതന്നെ നമ്മുടെ ജീനുകള്‍ പ്രകടമാകുന്ന രീതികളില്‍ ചില വ്യതിയാനങ്ങള്‍ ഉളവാക്കാന്‍ ജീവിതസാഹചര്യങ്ങള്‍ക്കു സാധിക്കും. എപ്പിജെനിറ്റിക് വ്യതിയാനങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഡി.എന്‍.എ.യെ ചുറ്റിക്കെട്ടിവെക്കുന്ന രീതിയെയും മറ്റുമാണ് ഈ വ്യതിയാനങ്ങള്‍ ബാധിക്കുന്നത്. ചിലരിലെങ്കിലും ബാല്യത്തിലെ തിക്താനുഭവങ്ങള്‍ വിഷാദത്തിനു വഴിവെക്കുന്നത് എപ്പിജെനിറ്റിക് വ്യതിയാനങ്ങള്‍ വഴിയാവാം. ഒരേ ജനിതകഘടനയുള്ള ഇരട്ടസഹോദരങ്ങളില്‍ ഒരാളെ മാത്രം പലപ്പോഴും വിഷാദത്തിനു കീഴടക്കാനാവുന്നതും ഇത്തരം വ്യതിയാനങ്ങള്‍ അയാളെ നിരായുധനാക്കുന്നതു കൊണ്ടാവാം.

ഏകത്വത്തില്‍ നാനാത്വം

ഇതൊക്കെ സൂചിപ്പിക്കുന്നത് വിഷാദം ചിക്കന്‍പോക്സിനെയൊക്കെപ്പോലെ ഒരു നിശ്ചിതകാരണം കൊണ്ടുണ്ടാകുന്ന ഒരൊറ്റ രോഗമല്ല; മറിച്ച് പലവിധ പ്രശ്നങ്ങള്‍ നാനാതരം ശരീരപ്രക്രിയകളെ തകിടംമറിക്കുമ്പോള്‍ സംജാതമാകുന്ന നിരവധി ലക്ഷണങ്ങളുടെ ഒരു സങ്കലനമാണ് എന്നാണ്. ചില ജീവിതദുരന്തങ്ങള്‍ സൈറ്റോകൈനുകളെയോ, ചില ജനിതകവൈകല്യങ്ങള്‍ നാഡീരസങ്ങളെയോ, ചില ശാരീരികരോഗങ്ങള്‍ ഹിപ്പോകാമ്പസിലെ സെന്‍സറുകളെയോ തകരാറിലാക്കുന്നത് വിഷാദത്തിനു വഴിവെക്കുന്നുണ്ട്. വിഷാദത്തിന്‍റെ ഇടനിലക്കാരായ ഇത്തരം ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ് എന്നതിനാല്‍ അവയില്‍ ഏതെങ്കിലുമൊന്നിനെ അവതാളത്തിലാക്കികൊണ്ട് ആരംഭിക്കുന്ന ഒരു പ്രശ്നം പതുക്കെയാണെങ്കിലും ബാക്കിയുള്ളവയെയും ബാധിക്കുന്നുമുണ്ട് (ചിത്രം 4).

depression neurobiology

വിഷാദവഴിയില്‍ ഒരിടത്താവളം

നിസ്സാരപ്രശ്നങ്ങളില്‍ പോലും വല്ലാതെ വിരണ്ടുപോവുക, യുക്തിരഹിതമായി മാത്രം ചിന്തിക്കുക, തീരെ ആത്മനിയന്ത്രണമില്ലാതിരിക്കുക, എല്ലാറ്റിനെയും നെഗറ്റീവായി നോക്കിക്കാണുക, എന്തിനുമേതിനും ആകുലപ്പെടുക തുടങ്ങിയ വൈകല്യങ്ങളെല്ലാം ഒന്നിച്ചുകാണപ്പെടുന്ന സ്ഥിതിവിശേഷം ന്യൂറോട്ടിസിസം എന്നറിയപ്പെടുന്നു. ഇതു ബാധിച്ചവര്‍ എല്ലായ്പ്പോഴും സങ്കടം, ഉത്ക്കണ്ഠ, ദേഷ്യം, അസൂയ, കുറ്റബോധം തുടങ്ങിയവയില്‍ ഉഴറുന്നവരായിരിക്കും. അവരുടെ മനസ്സുകള്‍ വിഷാദത്തിനു നല്ല വളക്കൂറുള്ള മണ്ണുകളുമായിരിക്കും.

വളര്‍ത്തുദോഷമോ മറ്റു ജീവിതസാഹചര്യങ്ങളോ അല്ല, മറിച്ച് ജനിതകവൈകല്യങ്ങളാണ് ഒരാളില്‍ ന്യൂറോട്ടിസിസം ജനിപ്പിക്കുന്നത്. പ്രസ്തുത വൈകല്യങ്ങളുടെ പരിണിതഫലമായി സിങ്കുലേറ്റ് കോര്‍ട്ടക്സിന്‍റെ നിയന്ത്രണത്തില്‍ നിന്ന് വിടുതി നേടുന്ന അമിഗ്ഡല തൊട്ടതിനും പിടിച്ചതിനുമൊക്കെ അമിതമായി പ്രതികരിക്കുന്നതാണ് ഇവരുടെ വികാരവിക്ഷുബ്ധതക്ക് നിദാനമാകുന്നത്. ജനിതകകാരണങ്ങളാല്‍ വിഷാദം ബാധിക്കുന്നവരില്‍ പകുതിയോളം പേരെ ആദ്യം ന്യൂറോട്ടിസിസമാണ് പിടികൂടുന്നത്.

ചികിത്സയില്‍ സംഭവിക്കുന്നത്

നിലവില്‍ ലഭ്യമായ വിഷാദമരുന്നുകള്‍ പ്രധാനമായും ചെയ്യുന്നത് വിവിധ നാഡീരസങ്ങളുടെ അളവ് പുനര്‍വര്‍ദ്ധിപ്പിക്കുകയാണ് (ചിത്രം 5). ഇതിനുപുറമെ നാഡീപോഷകങ്ങളുടെ അളവുകൂട്ടാനും, ഹിപ്പോകാമ്പസിലെ മുടങ്ങിക്കിടക്കുന്ന കോശനിര്‍മാണങ്ങളെ പുനരുത്തേജിപ്പിക്കാനും, ലിംബിക് വ്യൂഹത്തിന്മേലുള്ള നിയന്ത്രണം പി.എഫ്.സി.ക്കു തിരിച്ചുപിടിച്ചുകൊടുക്കാനുമൊക്കെ ഇവയില്‍ ചില മരുന്നുകള്‍ക്കു സാധിക്കുന്നുണ്ട്.

serotonin synapse

സൈറ്റോകൈനുകളെ നിയന്ത്രണവിധേയമാക്കുന്ന മരുന്നുകള്‍ ചില വിഷാദരോഗികളില്‍ ഫലംചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. നാഡീപോഷകങ്ങളെ വിഷാദചികിത്സക്ക് ഉപയുക്തമാക്കാനുള്ള ശ്രമങ്ങള്‍ അവയെടുക്കുന്നവരില്‍ ലഹരിയുപയോഗം കൂടുന്നു എന്ന കാരണത്താല്‍ തല്‍ക്കാലം വഴിമുട്ടിനില്‍ക്കുകയാണ്. എന്നാലും ഹിപ്പോകാമ്പസ്കോശങ്ങളുടെ സംരക്ഷണവും പുനര്‍നിര്‍മാണവും ലക്ഷ്യമിട്ടുള്ള പല മരുന്നുകളും ഗവേഷണശാലകളില്‍ ഒരുങ്ങുന്നുണ്ട്.

ഇത്രയും വായിക്കുമ്പോള്‍ മരുന്നുകള്‍ മാത്രമാണോ ഇതിനൊക്കെ പരിഹാരം; കൌണ്‍സലിങ്ങ്, സൈക്കോതെറാപ്പി തുടങ്ങിയവക്ക് യാതൊരു പ്രസക്തിയുമില്ലേ എന്ന സംശയമുയരാം. മനസ്സും ശരീരവും രണ്ടാണ്, മരുന്നുകള്‍ ശരീരത്തിലും മറ്റു ചികിത്സകള്‍ മനസ്സിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെയുള്ള തെറ്റിദ്ധാരണകളാണ് ഇവിടെ പ്രശ്നം. രൂക്ഷമല്ലാത്ത വിഷാദങ്ങള്‍ക്ക് ഔഷധേതരചികിത്സകള്‍ മരുന്നുകളുടെയത്രതന്നെ ഫലപ്രദമാണ്. അത്തരം ചികിത്സകളും മേല്‍വിശദീകരിച്ച മസ്തിഷ്കവൈകല്യങ്ങളെ പരിഹരിക്കുന്നുമുണ്ട്. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്ന സൈക്കോതെറാപ്പി പി.എഫ്.സി.യെ ഉത്തേജിപ്പിക്കുകയും വിഷാദനിവാരണത്തിനുതകുന്ന ചില എപ്പിജെനിറ്റിക് വ്യതിയാനങ്ങള്‍ സാദ്ധ്യമാക്കുകയും ചെയ്യുന്നുണ്ട്. ചില ധ്യാനനിഷ്‌ഠകള്‍ സൈറ്റോകൈനുകളുടെ അളവ് കുറക്കുന്നുമുണ്ട്. ഈ രണ്ടുകാര്യങ്ങളും നിലവിലുള്ള വിഷാദമരുന്നുകള്‍ക്ക് സാധിക്കാന്‍ കഴിയാത്തവയുമാണ്. അതുകൊണ്ടുതന്നെ ചിലരുടെയെങ്കിലും ചികിത്സകളില്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കാന്‍ മരുന്നുകള്‍ക്കും ഔഷധേതരചികിത്സകള്‍ക്കും സാധിക്കും.

കരളുറപ്പു നേടിയെടുക്കാം

വിഷാദത്തെ പ്രതിരോധിക്കാന്‍ നല്ല വ്യക്തിബന്ധങ്ങള്‍, ശുഭാപ്തിവിശ്വാസം, പ്രശ്നപരിഹാരശേഷി എന്നിവ സഹായകമാണ്. വിശാലമായി ചിന്തിക്കുക, ദുരനുഭവങ്ങളില്‍പ്പോലും നല്ല വശങ്ങള്‍ തേടുക തുടങ്ങിയ ശീലങ്ങള്‍ പി.എഫ്.സി.യെ ഉത്തേജിപ്പിക്കുകയും അമിഗ്ഡലയുടെ ഉന്മാദത്തെ തണുപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രശ്നങ്ങളെ നേരിട്ടു ശീലിക്കുന്നത് ഭാവിയില്‍ സമാനസന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വിഷാദം കടന്നുവരാനുപയോഗിച്ചേക്കാവുന്ന പഴുതുകളെ അടക്കും. എല്ലാറ്റിനും സ്വയം കുറ്റപ്പെടുത്തുക, വസ്തുതകളെയെല്ലാം ആത്മാഭിമാനത്തെ തകര്‍ക്കുന്ന രീതിയില്‍ ദുര്‍വ്യാഖ്യാനിക്കുക തുടങ്ങിയ ചിന്താപ്പിശകുകളെ നേരത്തേ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതും നല്ലതാണ്.