(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2016 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
“കാത്തുകൊള്‍വിന്‍ മനസ്സിനെ ഭദ്രമായ്, കാല്‍ക്ഷണം മതി താളം പിഴക്കുവാന്‍” എന്നാണു കവിവാക്യം. എങ്ങനെയാണു മനസ്സു രൂപപ്പെടുന്നത്, എങ്ങനെയൊക്കെയാണതിനു താളംപിഴക്കാറുള്ളത് എന്നതിനെയെല്ലാംപറ്റി കഴിഞ്ഞ അഞ്ചുപത്തുവര്‍ഷങ്ങളില്‍ ഏറെ പുത്തനുള്‍ക്കാഴ്ചകള്‍ ലഭ്യമായിട്ടുണ്ട്. അഞ്ചിലൊരാളെയെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും സാരമായ മനോരോഗങ്ങളേതെങ്കിലും ബാധിക്കാമെന്നതിനാല്‍ത്തന്നെ ഇത്തരമറിവുകള്‍ ഏവര്‍ക്കും പ്രസക്തവുമാണ്.
തലക്കകത്തേക്കുള്ള വെളിച്ചമടികള്‍
8600 കോടിയോളം നാഡീകോശങ്ങളാണ് നമ്മുടെ തലച്ചോറിലുള്ളത്. അവയ്ക്കോരോന്നിനും സമീപകോശങ്ങളുമായി ആയിരക്കണക്കിനു ബന്ധങ്ങളുമുണ്ട്. നമ്മുടെ ചിന്തകളും വികാരങ്ങളും പെരുമാറ്റങ്ങളുമൊക്കെ ഈ കോശങ്ങളുടെയും അവ തമ്മിലെ ആശയവിനിമയത്തിന്റെയും സൃഷ്ടികളാണ്. തലച്ചോറിന്റെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും, അതുവഴി മനോരോഗങ്ങളുടെ അടിസ്ഥാനകാരണങ്ങളെയും, പറ്റി അറിവുതരുന്ന പല സാങ്കേതികവിദ്യകളും ഗവേഷകര്‍ക്കിന്നു സഹായത്തിനുണ്ട്:
- SPECT, PET: വിവിധ മസ്തിഷ്കഭാഗങ്ങളിലെ രക്തയോട്ടമളന്ന് അതിലേതൊക്കെയാണു കൂടുതല്‍ പ്രവര്‍ത്തനനിരതമെന്ന സൂചന തരുന്നു (ചിത്രം 1).
- fMRI: ഏതേതു ഭാഗങ്ങളിലാണ് ഓക്സിജന്‍ കൂടുതലുപയോഗിക്കപ്പെടുന്നതെന്നും, അതുവെച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെവിടെയൊക്കെയാണെന്നും കാണിച്ചുതരുന്നു (ചിത്രം 2).
- DTI: നാഡീസന്ദേശങ്ങളെ ഇതരഭാഗങ്ങളിലെത്തിക്കുന്ന, ‘ആക്സോണുകള്‍’ എന്ന, നാഡീകോശങ്ങളുടെ നീളന്‍വാലുകളുടെ വിന്യാസവും പരസ്പരബന്ധവും വ്യക്തമാക്കുന്നു (ചിത്രം 3).
- ഒപ്റ്റോജിനെറ്റിക്സ്: നാഡീകോശങ്ങളില്‍ ജനിതകമാറ്റങ്ങള്‍ വരുത്തി പ്രകാശമുപയോഗിച്ചവയെ നിയന്ത്രിക്കുകയും പ്രതികരണങ്ങള്‍ പഠിക്കുകയും ചെയ്യുന്നു (ചിത്രം 4).
മനോവൃത്തികളുടെ ഫാക്ടറികള്‍
പത്തൊമ്പതാംനൂറ്റാണ്ടില്‍ വെടിമരുന്നുകൊണ്ടു പാറ പൊട്ടിക്കുന്നതിനിടെ കമ്പിപ്പാര തുളഞ്ഞുകയറി തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍ലോബിനു പരിക്കേറ്റ ഫിനിയാസ് ഗെയ്ജ് എന്നയാള്‍ (ചിത്രം 5), അതേത്തുടര്‍ന്നു വ്യക്തിത്വമാകെ മാറി വീണ്ടുവിചാരമില്ലാതെ പെരുമാറാനും സദാ അശ്ലീലം പറയാനുമൊക്കെ തുടങ്ങിയതായിക്കണ്ടതില്‍പ്പിന്നെയാണ് “മനസ്സി”ന്റെ വ്യത്യസ്ത കഴിവുകള്‍ നിശ്ചിത മസ്തിഷ്കഭാഗങ്ങളുടെ നിയന്ത്രണത്തിലാവാമെന്ന ധാരണ ശാസ്ത്രലോകത്തിനു കിട്ടുന്നത്. തുടര്‍ന്ന്, ഏകാഗ്രതയും ആത്മനിയന്ത്രണവും വൈകാരിക സംയമനവുമൊക്കെ നമുക്കു തരുന്നത് ഫ്രോണ്ടല്‍ലോബിന്റെ ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് ആണെന്നും, ഭയോത്ക്കണ്ഠകള്‍ ഉളവാക്കുന്നത് അമിഗ്ഡലയും ഓര്‍മശക്തി തരുന്നത് ഹിപ്പോകാമ്പസും ഉറക്കത്തെയും ലൈംഗികചോദനകളെയും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസും ആണെന്നുമൊക്കെ തെളിയുകയുണ്ടായി (ചിത്രം 6).
വിവിധ മനോരോഗങ്ങളില്‍ നിശ്ചിത മസ്തിഷ്കഭാഗങ്ങള്‍ക്കു പങ്കു വ്യക്തമായിട്ടുമുണ്ട്. ഉദാഹരത്തിന്, സ്കിസോഫ്രീനിയയില്‍ അമിഗ്ഡലയും ഹിപ്പോകാമ്പസും മറ്റനേകം ഭാഗങ്ങളും ശോഷിക്കുകയും അതിനാല്‍ ലാറ്റെറല്‍ വെന്‍ട്രിക്കിള്‍ എന്ന ഭാഗം വലുതാവുകയും ചെയ്യുന്നുണ്ട് (ചിത്രം 7). സ്കിസോഫ്രീനിയ ബാധിച്ച ചിലരില്‍ വികാരങ്ങളും ഓര്‍മയുമായി ബന്ധപ്പെട്ട പല കഴിവുകളും ശുഷ്കമായിപ്പോവുന്നത് ഇക്കാരണത്താലാണ്.
കൂട്ടുകെട്ടുകളിലെ കശപിശകള്‍
തലച്ചോറു നമുക്കു തരുന്ന വിവിധ കഴിവുകള്‍ സാദ്ധ്യമാക്കുന്നത് ഓരോരോ മസ്തിഷ്കഭാഗങ്ങള്‍ ഒറ്റക്കൊറ്റക്കു നിന്നല്ല, മറിച്ച് വിവിധ ഭാഗങ്ങള്‍ അവയെ കൂട്ടിഘടിപ്പിക്കുന്ന നാഡീപഥങ്ങള്‍ വഴി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാണ്. ഇത്തരം നാഡീപഥങ്ങളിലെ അപാകതകളും മനോരോഗങ്ങള്‍ക്കു കാരണമാവാം. ഉദാഹരണത്തിന്, ഓ.സി.ഡി. എന്ന രോഗത്തില്‍ വ്യാകുലചിന്തകള്‍ ഇടതടവില്ലാതെയുയരുന്നത് ചിന്തകള്‍ക്കു മേല്‍ ഒരു “ബ്രേക്കു” പോലെ വര്‍ത്തിക്കാറുള്ളൊരു നാഡീപഥം (ചിത്രം 8) തകരാറിലാവുമ്പോഴാണ്. ഓ.സി.ഡി.ക്കുള്ള മരുന്നുകളോ സൈക്കോതെറാപ്പികളോ ഫലംചെയ്യാത്തവര്‍ക്ക് പ്രസ്തുത നാഡീപഥത്തിലെ ചില ഘടകഭാഗങ്ങളിലെ സര്‍ജറിയോ തലച്ചോറിലേക്കിറക്കുന്ന ഇലക്ട്രോഡു വഴി ആ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന ‘ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍’ എന്ന ചികിത്സയോ (ചിത്രം 9) ആശ്വാസമാകാറുമുണ്ട്.
കൊടുക്കല്‍വാങ്ങലുകളിലെ ഏറ്റക്കുറച്ചിലുകള്‍
നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയം സംഭവിക്കുന്നത് അവക്കിടയിലെ ‘സിനാപ്സ്’ എന്ന വിടവിലേക്ക് ഒരു കോശം ചുരത്തുന്ന നാഡീരസങ്ങള്‍ അടുത്ത കോശത്തില്‍ ചെന്നുപറ്റുമ്പോഴാണ് (ചിത്രം 10). ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന നാഡീരസങ്ങളുടെ അളവില്‍ പല മനോരോഗങ്ങളിലും വ്യതിയാനങ്ങള്‍ ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഡോപ്പമിന്‍ എന്ന നാഡീരസത്തിന്റെ അളവ് സ്കിസോഫ്രീനിയയില്‍ വര്‍ദ്ധിക്കുകയും ചില തരം വിഷാദങ്ങളില്‍ കുറയുകയും ചെയ്യുന്നുണ്ട്. മനോരോഗചികിത്സയില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് സിനാപ്സുകളില്‍ നാഡീരസങ്ങളുടെ അളവ് ക്രമപ്പെടുത്തിക്കൊണ്ടാണു താനും.
പ്രവേശനദ്വാരങ്ങളിലെ പ്രശ്നങ്ങള്‍
നാഡീകോശഭിത്തികളില്‍ നാനാതരം ‘അയോണ്‍ ചാനലു’കള്‍ ഗേറ്റുകളെപ്പോലെ നിലകൊള്ളുന്നുണ്ട് (ചിത്രം 11). അവയിലൂടെ സോഡിയമോ കാല്‍സ്യമോ ഒക്കെ നേരാംവണ്ണം കടന്നുപോവേണ്ടത് നാഡീരസങ്ങളുടെ ചുരത്തലടക്കമുള്ള പല മസ്തിഷ്കപ്രക്രിയകള്‍ക്കും അത്യന്താപേക്ഷിതവുമാണ്. അയോണ്‍ ചാനലുകളിലെ തകരാറുകളും മനോരോഗങ്ങള്‍ക്കിടയാക്കാം. ഉദാഹരണത്തിന്, നാഡീകോശങ്ങളുടെ യഥാവിധിയുള്ള വളര്‍ച്ചക്കു നിര്‍ണായകമായ കാല്‍സ്യം ചാനലുകളിലെ പിഴവുകള്‍ ബൈപ്പോളാര്‍രോഗത്തിനും സ്കിസോഫ്രീനിയക്കും കാരണമാവാം.
വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍
തലച്ചോര്‍ ഏറെ സങ്കീര്‍ണമാണ് എന്നതിനാല്‍ത്തന്നെ അതിനു വളര്‍ച്ച പൂര്‍ത്തിയാവാന്‍ മറ്റവയവങ്ങളെക്കാള്‍ സമയമെടുക്കുന്നുണ്ട്. മസ്തിഷ്കവളര്‍ച്ചയിലെ ക്രമക്കേടുകള്‍ മനോരോഗഹേതുവാകുകയും ചെയ്യാം. ഉദാഹരണത്തിന്, തലച്ചോറിന്റെ പുറംപാടയായ കോര്‍ട്ടക്സിനു തക്ക കനം കിട്ടുന്നത് പൊതുവെ ഏഴര വയസ്സോടെയാണെങ്കില്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ അതു പത്തര വയസ്സു വരെ വൈകുന്നുണ്ട്. ശ്രദ്ധയും ചലനങ്ങളുടെ മേല്‍ നിയന്ത്രണവും നമുക്കു തരുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനെയാണ് ഈ കാലതാമസം ഏറ്റവും ബാധിക്കാറെന്നതിനാലാണ് അത്തരം കുട്ടികള്‍ വല്ലാത്ത പിരുപിരുപ്പും ശ്രദ്ധക്കുറവും കാണിക്കുന്നത്. പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനു തക്ക കനമെത്തുന്നതോടെ അവരില്‍പ്പലര്‍ക്കും പിരുപിരുപ്പു ശമിക്കുകയും അതിന്റെ മരുന്നു നിര്‍ത്താനാവുകയും ചെയ്യാറുമുണ്ട്.
ഒടുങ്ങാത്ത സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍
കൌമാരാന്ത്യത്തോടെ മസ്തിഷ്കത്തിനു വളര്‍ച്ച പൂര്‍ത്തിയായാല്‍പ്പിന്നെ നാഡീകോശങ്ങളൊന്നും പുതുതായി രൂപംകൊള്ളുകയില്ലെന്നും, പുതിയ സിനാപ്സുകള്‍ സൃഷ്ടിക്കപ്പെടുക ഓര്‍മയും അറിവുകളുമായി ബന്ധപ്പെട്ടു മാത്രമാണെന്നുമാണ് സമീപകാലം വരെ നിലനിന്ന ധാരണ. എന്നാല്‍ മുതിര്‍ന്നുകഴിഞ്ഞവരില്‍പ്പോലും ഹിപ്പോകാമ്പസ് പോലുള്ള ചില ഭാഗങ്ങളില്‍ പുത്തന്‍ നാഡീകോശങ്ങള്‍ ജന്മമെടുക്കുണ്ടെന്നും, സിനാപ്സുകളുടെ രൂപീകരണവും നശീകരണവും തലച്ചോറിലെങ്ങും ഏതുപ്രായത്തിലും നടക്കാമെന്നും ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ആന്തരികമോ ബാഹ്യമോ ആയ ഘടകങ്ങളാല്‍ സംജാതമാവുന്ന, ഗുണകരമോ ഹാനികരമോ ആകാവുന്ന, ഇത്തരം പരിഷ്കരണങ്ങള്‍ക്ക് ‘ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍’ എന്നാണു പേര്.
ചിന്തകളോ വികാരങ്ങളോ ബുദ്ധിവൈഭവങ്ങളോ സാദ്ധ്യമാക്കുന്ന നാഡീപഥങ്ങളിലെ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്ക് മനോരോഗങ്ങളുടെ ആവിര്‍ഭാവത്തിലും പരിഹരണങ്ങളിലും പങ്കുണ്ടു താനും. നാഡീകോശങ്ങള്‍ പുതുതായി രൂപപ്പെടുന്നതിന് മാനസികസമ്മര്‍ദ്ദം തടസ്സവും, മറുവശത്ത് വിഷാദത്തിനുള്ള മരുന്നുകള്‍ പ്രോത്സാഹനവും ആവുന്നുണ്ട്. മനോരോഗങ്ങള്‍ വല്ലതും ദീര്‍ഘനാള്‍ നീളുകയോ വീണ്ടുംവീണ്ടും വരികയോ ചെയ്താലത് അനാരോഗ്യകരമായ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്കു കളമൊരുക്കുകയും അങ്ങിനെ രോഗം ചികിത്സക്കു വഴങ്ങാത്തതാവുകയും ചെയ്യാമെന്നത് സമയം പാഴാക്കാതെ ചികിത്സ തേടുക കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ഓട്ടം പോലുള്ള എയറോബിക് വ്യായാമങ്ങള്‍ ഗുണകരമായ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്കു വഴിവെച്ച് മനോരോഗങ്ങളെ പ്രതിരോധിക്കാനും ശമിപ്പിക്കാനും കുറേയൊക്കെ സഹായകമാവാറുമുണ്ട്.
ഉദരനിമിത്തം ബഹുകൃതരോഗം
നമ്മുടെ ശരീരത്തില്‍ നമ്മുടേതായി എത്ര കോശങ്ങളുണ്ടോ, അതിന്റെ പത്തിരട്ടിയെണ്ണം ബാക്ടീരിയകള്‍ നമ്മുടെ വയറിനുള്ളിലുണ്ട്. അവ തലച്ചോറിനെ സ്വാധീനിക്കുന്ന പലതരം തന്മാത്രകള്‍, ഡോപ്പമിനും സിറോട്ടോണിനും പോലുള്ള നാഡീരസങ്ങളടക്കം, ഏറെയളവില്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്. പ്രസ്തുത ബാക്ടീരിയകളുടെ തരത്തിലോ അളവിലോ വരുന്ന വ്യതിയാനങ്ങള്‍ വിഷാദവും ഓട്ടിസവുമടക്കമുള്ള പല രോഗങ്ങള്‍ക്കും നിമിത്തമാവുന്നുണ്ടെന്ന പ്രാരംഭ നിഗമനത്തില്‍ ഗവേഷകര്‍ ഈയിടെ എത്തിച്ചേരുകയുണ്ടായി. ബാക്ടീരിയകളെ ഉപയോഗപ്പെടുത്തിയോ ക്രമപ്പെടുത്തിയോ ഉള്ള ചികിത്സകള്‍ മനോരോഗങ്ങള്‍ക്കു ഫലപ്രദമാവുമോ എന്നന്വേഷിക്കുന്ന പഠനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്.
ഇനി, മേല്‍നിരത്തിയ തകരാറുകള്‍ ഉദ്ഭവിക്കാറ് ഏതേതു കാരണങ്ങളാലാണെന്നും അവക്കെതിരെ വല്ല പ്രതിരോധവും സാദ്ധ്യമാണോയെന്നും നോക്കാം.
തൂത്താല്‍പ്പോകാവുന്ന തലയിലെഴുത്തുകള്‍
അയോണ്‍ ചാനലുകളും മിക്ക നാഡീരസങ്ങളും സിനാപ്സിലെ വിവിധ തന്മാത്രകളുമടക്കം തലച്ചോറിന്റെ പല പ്രധാന ഘടകഭാഗങ്ങളും പ്രോട്ടീനുകളാണ്. ഇത്തരം പ്രോട്ടീനുകളുടെയെല്ലാം നിര്‍മാണം നമുക്കു മാതാപിതാക്കളില്‍നിന്നു കിട്ടുന്ന ജീനുകളുടെ നിയന്ത്രണത്തിലുമാണ്. അതിനാല്‍ത്തന്നെ ജീനുകളിലെ വൈകല്യങ്ങള്‍ പ്രോട്ടീന്‍നിര്‍മാണങ്ങളിലെ അപാകതകള്‍ക്കും, അതുവഴി കോശങ്ങളുടെയും മസ്തിഷ്കത്തിന്റെ തന്നെയും പ്രവര്‍ത്തനങ്ങളിലെ പാകപ്പിഴകള്‍ക്കും, അങ്ങിനെ മനോരോഗങ്ങള്‍ക്കും ഇടയൊരുക്കാം. എന്നാല്‍, “ഇന്ന ജീനിലെ ഇന്ന കുഴപ്പത്താല്‍ ഇന്ന രോഗമുണ്ടാവുന്നു” എന്ന ചില ശാരീരികരോഗങ്ങളിലെ രീതിയല്ല മനോരോഗങ്ങളില്‍. മറിച്ച്, നൂറോ ആയിരമോ കണക്കിന് ജീനുകളുടെ നേരിയ സ്വാധീനങ്ങള്‍ ഒത്തുകലര്‍ന്ന് വിവിധ രോഗലക്ഷണങ്ങള്‍ സംജാതമാക്കുകയാണു പതിവ്.
എന്നാലും കുടുംബത്തിലാര്‍ക്കെങ്കിലും മനോരോഗമുണ്ടെന്നുവെച്ച് തന്നിലേക്കുമതു പടര്‍ന്നേക്കുമെന്ന് ‘തനിയാവര്‍ത്തനം’ സിനിമയിലേതു പോലെ ഭയപ്പെടേണ്ടതില്ല. മൊത്തം ജീനുകളും സമാനമായുള്ള, കാണാന്‍ ഒരുപോലിരിക്കുന്ന ഇരട്ടകളില്‍പ്പോലും ഒരാള്‍ക്കൊരു മനോരോഗം വന്നാല്‍ മറ്റേയാള്‍ക്കുമതു വരാന്‍ നൂറു ശതമാനം സാദ്ധ്യതയൊന്നുമില്ല. എന്നിരിക്കിലും മനോരോഗബാധിതരുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ലഹരിയുപയോഗം വര്‍ജിക്കുന്നതും നല്ല വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടുന്നതെങ്ങിനെയെന്ന പരിശീലനം നേടുന്നതും നന്നായി ഉറങ്ങാനും നല്ല ഭക്ഷണം കഴിക്കാനും ശാരീരികാരോഗ്യം നിലനിര്‍ത്താനും മനസ്സിരുത്തുന്നതുമെല്ലാം രോഗസാദ്ധ്യത പിന്നെയും കുറയാനുപകരിക്കും.
ഭ്രൂണാവസ്ഥയില്‍ കരഗതമാവുന്ന ജീനുകളില്‍ ഉള്ളടങ്ങിയ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ മാത്രമല്ല, ഗര്‍ഭാവസ്ഥയിലോ വിവിധ പ്രായങ്ങളിലോ തലച്ചോറിന് ഏതെങ്കിലും തരം ക്ഷതങ്ങള്‍ നേരിടേണ്ടിവന്നാലതും മനോരോഗനിമിത്തമാവാം. ലഹരിയുപയോഗം, തലക്കേല്‍ക്കുന്ന പരിക്കുകള്‍, പക്ഷാഘാതം പോലുള്ള മസ്തിഷ്കരോഗങ്ങള്‍, തൈറോയ്ഡ്പ്രശ്നങ്ങള്‍ പോലുള്ള ശാരീരികരോഗങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
കച്ചോടം പൊട്ടിയപ്പോ...
അപ്പക്കച്ചവടം പൊട്ടിയപ്പോള്‍ മനോരോഗിയായിപ്പോയ അമ്മായിയെക്കുറിച്ചുള്ള പാട്ട് ഹിറ്റായിരുന്നു. ഇതുവരെ വിശദീകരിച്ച “ശാരീരിക” കാരണങ്ങള്‍ക്കു പുറമെ സംഘര്‍ഷങ്ങളും ദുരന്തങ്ങളും പോലുള്ള “മനസ്സിനെ” മുറിവേല്‍പിക്കുന്ന സാഹചര്യങ്ങള്‍ക്കും മനോരോഗഹേതുവാകാനാവുമെന്നതു സത്യം തന്നെയാണ്. എന്നാല്‍ അവയും പ്രശ്നമാവുന്നത് തലച്ചോറിനെ ബാധിച്ചുകൊണ്ടുതന്നെയാണ്. സമ്മര്‍ദ്ദവേളകളില്‍ ഒരാള്‍ മനോരോഗത്തിലേക്കു വഴുതുമോയെന്നതു നിര്‍ണയിക്കുന്നതില്‍ ജനിതക ഘടനക്കു പങ്കുണ്ടു താനും. ഉദാഹരണത്തിന്,സിറോട്ടോണിനെ സിനാപ്സില്‍നിന്നു പുനരാഗിരണം ചെയ്യുന്ന “പമ്പി”ന്റെ നിര്‍മാണം നിയന്ത്രിക്കുന്നൊരു ജീനുണ്ട്. അതിന്റെയൊരു പ്രത്യേക വകഭേദം പേറുന്നവര്‍ സമ്മര്‍ദ്ദസാഹചര്യങ്ങളില്‍ വിഷാദത്തിലേക്കു വഴുതാന്‍ സാദ്ധ്യത കൂടുതലുണ്ടെന്ന് തദ്’വിഷയകമായി നടന്ന അമ്പത്തിനാലു പഠനങ്ങളുടെ ഒരവലോകനം കണ്ടെത്തി.
ദുരനുഭവങ്ങള്‍ മനോരോഗങ്ങള്‍ക്കു വഴിവെക്കാറ് ജീനുകളുടെ പ്രവര്‍ത്തനരീതിയെയോ രോഗപ്രതിരോധവ്യവസ്ഥയെയോ ദുസ്സ്വാധീനിച്ചാണ്. അതേപ്പറ്റി അല്‍പമറിയാം.
ചൂടുവെള്ളത്തില്‍ വീണ പൂച്ച...
കുഞ്ഞുപ്രായങ്ങളില്‍ അതിദാരിദ്ര്യമോ പീഡനങ്ങളോ കടുത്ത അവഗണനകളോ സഹിക്കേണ്ടിവന്നവര്‍ക്ക് മുതിര്‍ന്നുകഴിഞ്ഞാല്‍ ചെറിയ തിക്താനുഭവങ്ങള്‍ പോലും അതിയായ വൈഷമ്യങ്ങള്‍ ഉളവാക്കുകയും മനോരോഗനിമിത്തമാവുകയും ചെയ്യാം.
സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നമുക്കു പ്രാപ്തികിട്ടുന്നത് ‘എച്ച്.പി.എ. ആക്സിസ്’ എന്ന ഗ്രന്ഥിവ്യവസ്ഥ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നീ ഹോര്‍മോണുകള്‍ സ്രവിക്കപ്പെടാനിടയാക്കുമ്പോഴാണ്. തീവ്രമായ ദുരനുഭവങ്ങള്‍ക്ക് എച്ച്.പി.എ. ആക്സിസുമായി ബന്ധപ്പെട്ട ജീനുകളുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിക്കാനാവും. ജീനുകളുടെ പ്രവര്‍ത്തനരീതിയില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഇത്തരം മാറ്റിമറിക്കലുകള്‍ക്ക് ‘എപ്പിജിനെറ്റിക് വ്യതിയാനങ്ങള്‍’ എന്നാണു പേര്. ദുരനുഭവചരിത്രമുള്ള പലരുടെയും എച്ച്.പി.എ. ആക്സിസ് നേരിയ പ്രകോപനങ്ങളില്‍പ്പോലും അമിതമായി പ്രതികരിച്ച് അമിതോത്ക്കണ്ഠയും മറ്റും ജനിപ്പിക്കുന്നത് എപ്പിജിനെറ്റിക് വ്യതിയാനങ്ങളുടെ പരിണിതഫലമായാണ്. എച്ച്.പി.എ. ആക്സിസിന്റെയീ അതിരുവിട്ട പ്രവര്‍ത്തനത്താലുളവാകുന്ന കോര്‍ട്ടിസോളിന്റെ കൂലംകുത്തലില്‍ ഹിപ്പോകാമ്പസ് ശുഷ്കിച്ചുപോവുന്നതും മറ്റുമാണ് ഇത്തരക്കാരുടെ മനസ്സുകളെ വിഷാദത്തിനും മറ്റും വളക്കൂറുള്ള മണ്ണാക്കുന്നത്.
ദുരനുഭവങ്ങളെ നേരിടാന്‍ സജ്ജത കൈവരുത്തുന്ന സൈക്കോതെറാപ്പികള്‍ വഴി ഇത്തരം എപ്പിജിനെറ്റിക് വ്യതിയാനങ്ങളെ തിരിച്ചു മാറ്റിയെടുക്കാനാവുമെന്നും സൂചനകളുണ്ട്.
വേലി വിളവുതിന്നുമ്പോള്‍
അണുബാധകളെയും മറ്റും ചെറുക്കാനുദ്ദേശിച്ചുള്ള രോഗപ്രതിരോധവ്യവസ്ഥ സ്വാസ്ഥ്യജീവിതത്തിനു നമുക്കെല്ലാം അത്യന്താപേക്ഷിതമാണ്. എന്നാല്‍, വിരഹദുഃഖമോ ഏറെനാള്‍ ഉറക്കമിളക്കുന്നതോ മാനസികമോ ലൈംഗികമോ ഒക്കെയായ പീഡനങ്ങളോ പോലുള്ള സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ പ്രതിരോധവ്യവസ്ഥയുടെ അമിതപ്രതികരണത്തിനു കാരണഭൂതമാവുകയും അത് നാഡീരസങ്ങളുടെയും മറ്റും പ്രവര്‍ത്തനം അവതാളത്തിലാക്കി വിഷാദം പോലുള്ള രോഗങ്ങള്‍ക്കു കളമൊരുക്കുകയും ചെയ്യാം.
ഈ അമിതപ്രതികരണത്തെ ശമിപ്പിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ആവശ്യത്തിനുറങ്ങുന്നതും ചിട്ടയായ വ്യായാമവും യോഗ പോലുള്ള റിലാക്സേഷന്‍വിദ്യകളുമൊക്കെ നല്ല ഉപാധികളാണ്. പ്രതിരോധവ്യവസ്ഥയെ തിരിച്ചുമയപ്പെടുത്താനുള്ള ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ചില വിഷാദബാധിതര്‍ക്ക്, പ്രത്യേകിച്ചും പതിവു മരുന്നുകള്‍ ഫലംചെയ്യാത്തവര്‍ക്ക്, ഗുണകരമാണെന്നു പ്രാരംഭസൂചനകളുമുണ്ട്.
കോശങ്ങളുടെ കൊലയാളികള്‍
അവസാനമായി, ഹൃദ്രോഗത്തിന്റെയും കാന്‍സറിന്റെയുമൊക്കെ അടിസ്ഥാനകാരണങ്ങളിലൊന്നായ ‘ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം’ എന്ന പ്രതിഭാസത്തിന് മാനസികാരോഗ്യത്തിലുള്ള പങ്കുകൂടി പരിചയപ്പെടാം. ഹാനികരമായ ചില തന്മാത്രകള്‍ ശരീരത്തില്‍ കുമിഞ്ഞുകൂടി കോശങ്ങളെ നശിപ്പിക്കുന്നതിനെയാണ് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദമെന്നു വിളിക്കുന്നത്. അമിതമായ മാനസികസമ്മര്‍ദ്ദവും സിഗരറ്റുപുക, അന്തരീക്ഷമലിനീകരണം, അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളുമുളവാക്കുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം മസ്തിഷ്കനാഡീകോശങ്ങളെ നശിപ്പിച്ച് വിഷാദവും സ്കിസോഫ്രീനിയയുമടക്കം പല രോഗങ്ങള്‍ക്കും നിമിത്തമാവുന്നുണ്ടെന്നു സൂചനകളുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അധികം പെടാതെ ശ്രദ്ധിക്കുന്നതും ആവശ്യത്തിനുറങ്ങുന്നതും മിതമായ ശാരീരികവ്യായാമം മുടങ്ങാതെ ചെയ്യുന്നതും ‘ആന്‍റിഓക്സിഡന്‍റ്സ്’ അടങ്ങിയതരം പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമെല്ലാം ശീലമാക്കുന്നതും ഇവിടെ കുറേയൊക്കെ പ്രതിരോധമാവുകയും ചെയ്യും.
എല്ലാം ശരിയാകും
നിലവില്‍ ആര്‍ക്കെങ്കിലുമൊരു മനോരോഗം നിര്‍ണയിക്കപ്പെടുന്നത് ഏതേതു പ്രക്രിയകളാണ് മസ്തിഷ്കത്തില്‍ അവതാളത്തിലായിട്ടുള്ളത് എന്നു സസൂക്ഷ്മം തിരിച്ചറിഞ്ഞിട്ടല്ല, മറിച്ച് ലക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞും മാനസികമായും ശാരീരികമായും പരിശോധിച്ചും ലബോറട്ടറി, സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയുമൊക്കെയാണ്. ഉദാഹരണത്തിന് അകാരണമായ നിരാശ, ഉറക്കത്തിലെയും വിശപ്പിലെയും വ്യതിയാനങ്ങള്‍, ഉത്സാഹമില്ലായ്ക എന്നിങ്ങനെ നിരവധി ലക്ഷണങ്ങളില്‍ കുറച്ചെണ്ണം നിശ്ചിത കാലം പ്രകടമാക്കുന്നവര്‍ക്കു വിഷാദം നിര്‍ണയിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ ചിലര്‍ക്ക് സിറോട്ടോണിന്റെ അപര്യാപ്തതയും ചിലര്‍ക്ക് ഉദര ബാക്ടീരിയകളും ചിലര്‍ക്ക് എപ്പിജിനെറ്റിക് വ്യതിയാനങ്ങളും ചിലര്‍ക്ക് പ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണവുമൊക്കെയാവാം രോഗകാരണം. ഇതു വേര്‍തിരിച്ചറിയുക പക്ഷേ നിലവിലത്ര പ്രായോഗികമല്ല.
മനോരോഗനിര്‍ണയരീതിയിലെ ഈയൊരു പരിമിതി ഓരോ രോഗിക്കും ഏറ്റവുമനുയോജ്യമായേക്കാവുന്ന ചികിത്സ നിശ്ചയിക്കുന്നതിനും, പുതിയ മരുന്നുകളും മറ്റു ചികിത്സകളും വികസിപ്പിച്ചെടുക്കുന്നതിനു പോലും, ഇന്നത്തെയവസ്ഥയില്‍ പ്രതിബന്ധമാവുന്നുണ്ട്. എന്നാല്‍, അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് മനോരോഗങ്ങളെ മസ്തിഷ്കവ്യതിയാനങ്ങളെ ആസ്പദമാക്കി തരംതിരിക്കാനും പേരുവിളിക്കാനുമുള്ളൊരു സംവിധാനം വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മസ്തിഷ്ക, ജനിതക പരിശോധനകളിലൂടെ മനോരോഗങ്ങള്‍ നിര്‍ണയിക്കാനും ഓരോ രോഗിയിലും അസുഖത്തിന്റെ മൂലകാരണം കണ്ടുപിടിക്കാനും തദനുസരണം അതീവകൃത്യമായ ചികിത്സകള്‍ വിധിക്കാനുമാവുന്ന കാലം അതിവിദൂരമല്ല. അന്ന്, കാന്‍സറിന്റെയും ഹൃദയരോഗങ്ങളുടെയും കാര്യത്തില്‍ ഇന്നൊട്ടൊക്കെ സാദ്ധ്യമായിക്കഴിഞ്ഞ പോലെ, മനോരോഗങ്ങളും രോഗപ്രക്രിയ തീവ്രമാവുന്നതിനും ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നതിനും ഏറെനാള്‍ മുന്നേ തന്നെ തിരിച്ചറിയാനും തക്ക പരിഹാര, പ്രതിരോധ മാര്‍ഗങ്ങള്‍ കൈക്കൊള്ളാനും ഏവര്‍ക്കുമവസരം കിട്ടും.
അതുവരേക്ക്, മനോരോഗബാധിതര്‍ക്ക് തങ്ങളുടെ പ്രശ്നം “മാനസികം” അല്ല, വൃക്കയുടെയോ കരളിന്റെയോ ഒക്കെ അസുഖങ്ങളെപ്പോലെ ഒരു നിശ്ചിത അവയവത്തെ ബാധിക്കുന്ന രോഗാവസ്ഥകളുടെ പ്രതിഫലനം തന്നെയാണ് എന്ന ആശ്വാസം പകരാനും, അസുഖത്തെപ്രതിയുള്ള ലജ്ജയും കുറ്റബോധവും അകലാനും, മനോരോഗികളോടു പലര്‍ക്കുമുള്ള വിവേചന, പരിഹാസ മനസ്ഥിതികളെ ഉടച്ചുകളയാനും മേല്‍വിവരിച്ച ഉള്‍ക്കാഴ്ചകള്‍ ഉപകരിക്കുകയും ചെയ്യും.
(ചിത്രങ്ങള്‍ക്കു കടപ്പാട്: ചിത്രം 1: neuroshrink.com ചിത്രം 2: neurocenter.unige.ch ചിത്രം 3: Human Connectome Project ചിത്രം 6: ibtimes.co.uk ചിത്രം 7: wikimedia.org ചിത്രം 8: tremorjournal.org ചിത്രം 9: kids.frontiersin.org ചിത്രം 11: Principles of Biochemistry)